ഡ്രൈവിംഗ് പരിശീലനത്തിനിടെ കൗമാരക്കാരിയെ ഉപദ്രവിക്കാൻ ശ്രമം; പരിശീലകൻ അറസ്റ്റിൽ
Wednesday, September 18, 2024 11:10 PM IST
തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലനത്തിനിടെ കൗമാരക്കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച പരിശീലകൻ അറസ്റ്റിൽ. തിരുവനന്തപുരം മാറനല്ലൂർ സ്വദേശി സുരേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. മാറനെല്ലൂർ വണ്ടന്നൂർ ഭാഗത്ത് വച്ചാണ് ഡ്രൈവിംഗ് പരീശീലനത്തിനിടെ പെൺകുട്ടിയോട് സുരേഷ് അപമര്യാദയായി പെരുമാറിയത്. ഇത് പെൺകുട്ടി ചോദ്യം ചെയ്തതോടെ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു.
പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി സുരേഷിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാറനെല്ലൂർ പോലീസ് കേസെടുത്തു.
ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഊരൂട്ടമ്പലം പൂരം ഡ്രൈവിംഗ് സ്കൂളിലെ പരിശീലകനാണ് അറസ്റ്റിലായ സുരേഷ്. മാറനല്ലൂർ സ്വദേശിയായ ഇയാൾ നാല് മാസം മുൻപാണ് ഇവിടെ പരിശീലകനായി എത്തിയത്.