കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗിന്
Wednesday, September 18, 2024 8:08 PM IST
ചാത്തന്നൂർ: സിനിമ ഷൂട്ടിംഗിനായി കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ വാടകയ്ക്ക് നല്കുന്നു. കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്തതും പൊതുജനസമ്പർക്കം ഇല്ലാത്തതുമായ സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗ് സെറ്റ് നിർമിക്കാൻ ദിവസവാടകാടിസ്ഥാനത്തിൽ നൽകാനാണ് തീരുമാനം.
സാന്പത്തിക പ്രതിസന്ധി തുടരുന്ന കെഎസ്ആർടിസിയുടെ ടിക്കറ്റിതരവരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ള കെഎസ്ആർടിസിക്ക് വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥലസൗകര്യമൊരുക്കാനാകും.
നിലവിലെ സാഹചര്യത്തിൽ ഈഞ്ചക്കൽ, പാറശാല, റീജണൽ വർക്ക്ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജണൽ വർക്ക്ഷോപ്പ് എടപ്പാൾ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണ്.
കെഎസ്ആർടിസിയുടെ നിത്യസേവനങ്ങൾക്കോ പൊതുഗതാഗത സേവനങ്ങളോടുള്ള പ്രതിബദ്ധതയിലോ യാതൊരു തരത്തിലുള്ള തടസവും ഉണ്ടാകാതെയാകും പദ്ധതി നടപ്പിലാക്കുന്നത്. സിനിമാ കമ്പനികൾക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ദിവസ വാടക നിരക്ക് സംബന്ധിച്ച തീരുമാനമായിട്ടില്ല. ഉടൻനിരക്ക് നിശ്ചയിക്കും.