എം.വി. ഗോവിന്ദനും കുടുംബവും ഓസ്ട്രേലിയയില്‍; മടക്കം ഒരാഴ്ചയ്ക്ക് ശേഷം
Wednesday, September 18, 2024 3:54 PM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുടുംബവും ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിൽ. ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് യാത്ര തിരിച്ചത്.
സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബെയ്ൻ, പെർത്ത് എന്നീ നഗരങ്ങളില്‍ ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി സെപ്റ്റംബർ 24-ന് അദ്ദേഹം തിരിച്ചെത്തുമെന്നാണ് വിവരം. പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്നാണ് എം.വി. ഗോവിന്ദൻ യാത്ര വൈകിപ്പിച്ചത്.
പാർട്ടി ജനറല്‍ സെക്രട്ടറിയുടെ ഒഴിവ് നികത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക സെപ്റ്റംബർ 27 മുതല്‍ 30 വരെ നടക്കുന്ന പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളാണ്. അടുത്ത പാർട്ടി കോണ്‍ഗ്രസിന് ഏഴുമാസം മാത്രമേ ബാക്കിയുള്ളൂ. 2025 ഏപ്രില്‍ രണ്ടുമുതല്‍ ആറ് വരെ തമിഴ്നാട്ടിലെ മധുരയില്‍ വച്ചാണ് സി.പി.എമ്മിന്റെ 24-ാം പാർട്ടി കോണ്‍ഗ്രസ്.