"ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ്' പ്രായോഗികമല്ല; ഒരിക്കലും നടപ്പിലാക്കാന്‍ പോകുന്നില്ലെന്ന് കോൺഗ്രസ്
Wednesday, September 18, 2024 3:38 PM IST
ന്യൂഡല്‍ഹി: "ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ്' എന്ന നിര്‍ദേശം നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. റാംനാഥ് കോവിന്ദ് കമ്മിറ്റി റിപ്പോര്‍ട്ട് ഒരിയ്ക്കലും നടപ്പിലാക്കാന്‍ പോകുന്നില്ല. തെരഞ്ഞെടുപ്പുകള്‍ വരുന്ന സാഹചര്യത്തില്‍ ശ്രദ്ധ തിരിക്കാനാണ് കേന്ദ്രം ഇപ്പോള്‍ ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും ഖാര്‍ഗെ പ്രതികരിച്ചു.
"ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' സംബന്ധിച്ച റാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. വരുന്ന ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് നീക്കം.
കഴിഞ്ഞ മാര്‍ച്ചിലാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാജ്യത്ത് ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യമാണ് കമ്മിറ്റി മുന്നോട്ട് വച്ചത്. ലോക്സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്നായിരുന്നു നിര്‍ദേശം. ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തുന്നത് ചിലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.