മൈനാഗപ്പള്ളി അപകടം; അജ്മൽ ഓടിച്ചിരുന്ന കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല
Wednesday, September 18, 2024 1:28 PM IST
കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രിക കാറിടിച്ച് മരിച്ച സംഭവത്തില്‍ അപകടസമയം കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. കേസിലെ പ്രതി അജ്മലിന്റ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ള കെഎൽ 23 ക്യൂ 9347 എന്ന നമ്പറിലുള്ള കാറാണ് അപകടം വരുത്തിയത്.
ഈ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. പിന്നീട് അപകടം നടന്ന് അടുത്ത ദിവസം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍ പോളിസി ഓണ്‍ലൈന്‍ വഴി പുതുക്കുകയായിരുന്നു.
അജ്മലും സുഹൃത്തായ വനിതാ ഡോക്ടറും കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രികരായ കുഞ്ഞുമോളെയും ബന്ധുവിനെയും ഇവരുടെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തുടർന്ന് റോഡിൽ വീണ കുഞ്ഞുമോളുടെ ദേഹത്ത് കൂടി അജ്മൽ വാഹനം കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ കുഞ്ഞുമോൾ മരണപ്പെട്ടു.