ഷിരൂർ ദൗത്യം; ഡ്രെഡ്ജർ കാർവാർ തുറമുഖത്തിനടുത്ത് എത്തിച്ചു
Wednesday, September 18, 2024 12:44 PM IST
ബംഗളൂരു: ഷിരൂരിൽ തെരച്ചിൽ നടത്തുന്നതിനുള്ള ഡ്രെഡ്ജർ കാർവാർ തീരത്തിനുടുത്ത് എത്തിച്ചു.ഡ്രെഡ്ജർ കാർവാർ തുറമുഖത്ത് അടുപ്പിക്കും. ശേഷം ഇന്ന് വൈകിട്ടോ നാളെയോ ഇത് ഷിരൂരിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.
ടഗ് ബോട്ടിൽ ഡ്രെഡ്ജർ ഷിരൂരിലേക്ക് കൊണ്ടുപോകേണ്ട വഴിയിൽ രണ്ട് പാലങ്ങളുണ്ട്. ഈ സാഹചര്യത്തിൽ വേലിയിറക്ക സമയത്ത് ഡ്രെഡ്ജർ ഇങ്ങോട്ട് എത്തിക്കുന്നതാണ് സുരക്ഷിതം എന്നാണ് വിവരം.
വ്യാഴാഴ്ച നാവിക സേന സംഘം ഷിരൂരിൽഎത്തി പുഴയിലെ ഒഴുക്ക് പരിശോധിക്കും. അർജുന്റെ ലോറി ഉണ്ടെന്ന് സംശയിക്കുന്ന പോയിന്റിൽ പുഴയുടെ ഘടന എങ്ങനെയാണെന്ന് അടക്കം നാവിക സേന വിലയിരുത്തും. സോണാർ സിഗ്നൽ പരിശോധനകൾ അടക്കം നടത്തിയ ശേഷമായിരിക്കും തെരച്ചിൽ ആരംഭിക്കുക.
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കം മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഗോവയിൽനിന്നാണ് തെരച്ചിലിനായി ഡ്രെഡ്ജർഎത്തിക്കുന്നത്. കർണാടക സർക്കാർ ആണ് ഡ്രെഡ്ജർഎത്തിക്കുന്നതിനുള്ള ചെലവ് വഹിക്കുന്നത്.