വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മയുടെ കാൽവിരൽ മുറിച്ചു മാറ്റി
Tuesday, September 17, 2024 11:18 PM IST
പത്തനംതിട്ട: പിക്കപ്പ് വാൻ മതിലിലും ഗേറ്റിലും ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയുടെ കാൽവിരൽ മുറിച്ചുമാറ്റി. തിരുവല്ല നെടുമ്പ്രം തട്ടുപുരയ്ക്കൽ മലയിൽ മത്തായി ജോർജിന്റെ ഭാര്യ ഏലിയാമ്മ മത്തായി (66) യുടെ കാൽവിരലാണ് മുറിച്ചു മാറ്റിയത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം. വീടിനു മുന്നിൽ ഏലിയാമ്മ നിൽക്കുന്ന സമയത്താണ് നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാൻ മതിലും ഗേറ്റും തകർത്ത് ഇവരുടെ വീടിനുള്ളിലേക്ക് ഇടിച്ചു കയറിയത്.
ഗേറ്റിനു സമീപം നിൽക്കുകയായിരുന്ന ഏലിയാമ്മയുടെ മുകളിലേക്ക് മതിലും ഗേറ്റും തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ ഇടതുകാലിന്റെ വിരലുകൾക്ക് ഗുരുതരമായി ചതവ് ഉണ്ടായി. ഇതിനു പിന്നാലെയാണ് വിരൽ മുറിച്ചുമാറ്റേണ്ടി വന്നത്.
അപകടത്തിൽ ഏലിയാമ്മയുടെ വലതു കാലിനും തോളെല്ലിനും പൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇവർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.