കുറ്റാരോപിതരുടെ വീടുകൾ ഇടിച്ച് നിരത്തരുത്; ബുള്‍ഡോസര്‍ രാജ് നിർത്തിവയ്ക്കണം: സുപ്രീംകോടതി
Tuesday, September 17, 2024 4:30 PM IST
ന്യൂഡൽഹി : ബുൾഡോസർ രാജിനെതിരെ വിമർശനവുമായി സുപ്രീംകോടതി. ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്നും ഒക്ടോബര്‍ ഒന്നുവരെ ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
ജഹാംഗീർ പുരിയിലെ പൊളിക്കലിനെതിരെ സിപിഎം നേതാവ് വൃന്ദാ കാരാട്ട് നൽകിയ ഹർജികൾ ഉൾപ്പെടെ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെയുള്ള ഹർജിയിലാണ് കോടതി നടപടി.
കോടതിയുടെ അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാൻ പാടില്ലെന്നും നിർദേശം നൽകി. പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.
സർക്കാരുകൾ ബുൾഡോസർ രാജ് നടപ്പാക്കുന്നത് നിയമങ്ങൾക്ക് മുകളിലൂടെ ബുൾഡോസർ ഓടിച്ചുകയറ്റുന്നതിന് തുല്യമെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
ആരെങ്കിലും ഒരു കേസിൽ പ്രതിയായെന്നത് കൊണ്ട് ആ വ്യക്തിയുടെയോ ബന്ധുക്കളുടെയോ വസ്തുവകകൾ ഇടിച്ചുനിരത്തുന്നത് നിയമത്തെ ഇടിച്ചുനിരത്തുന്നതിനു തുല്യമാണെന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.