"നിഷ്പക്ഷവും പുരോഗമനപരവുമാകണം': പുതിയ സംഘടനയിൽ ചേരുമെന്ന് സംവിധായകൻ വിനയൻ
Tuesday, September 17, 2024 12:57 PM IST
തിരുവനന്തപുരം: ആഷിഖ് അബു ഉൾപ്പെടെയുള്ളവർ ചേർന്ന് രൂപീകരിക്കുന്ന പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിനു പിന്തുണയറിയിച്ച് സംവിധായകൻ വിനയൻ. നിലവിൽ നിർമാതാക്കളുടെ സംഘടനയിൽ അംഗമാണ്. സംവിധായകനെന്ന നിലയിൽ പുതിയ സംഘടനയുമായി ചേരുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമാ സംഘടന നല്ലതാണ്. ജൂണിയർ ആർട്ടിസ്റ്റുകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതാകണം. സംഘടനകളെ ഹൈജാക് ചെയ്ത് നേതാക്കൾ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന അവസ്ഥ മാറണമെന്നും വിനയൻ പറഞ്ഞു.
സംവിധായകരായ ആഷിഖ് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരാണ് സംഘടനയിലുള്ളത്.