വയനാട് ടൂറിസത്തെ കൈപിടിച്ചുയർത്തും: മന്ത്രി മുഹമ്മദ് റിയാസ്
Tuesday, September 17, 2024 12:40 PM IST
തിരുവനന്തപുരം: ചൂരൽമല ദുരന്തത്തിന് പകരം വയനാട് ദുരന്തം എന്ന് പ്രചരിപ്പിച്ചതാണ് ടൂറിസം മേഖലയെ ബാധിച്ചതെന്നും വയനാട് ടൂറിസം മേഖലയെ കൈപിടിച്ച് ഉയർത്താൻ ശ്രമം നടക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ്.
ചൂരൽമല ദുരന്തം ടൂറിസം മേഖലയെ വലിയ നിലയിൽ ബാധിച്ചു. വയനാട്ടിൽ മുഴുവൻ പ്രശ്നമായെന്ന തരത്തിലാണ് പ്രചരിപ്പിക്കപ്പെട്ടത്. "എന്റെ കേരളം എന്നും സുന്ദരം' എന്ന കാമ്പയിൻ സർക്കാർ ആരംഭിക്കും- മന്ത്രി വ്യക്തമാക്കി.
വയനാട് സുരക്ഷിതമാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്സിനെ വയനാട്ടിൽ എത്തിച്ചിട്ടുണ്ട്. വയനാട് ടൂറിസത്തിന് പ്രശ്നമില്ലെന്ന് ഇവർ വഴി പ്രചാരണം നടത്തും. കാന്പയിന്റെ ഭാഗമായി സഞ്ചാരികളുടെ എണ്ണം വർധിച്ചുവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വയനാട്ടിലേക്ക് കൂടുതൽ ആളുകൾ എത്തണമെന്നും വയനാട് ടൂറിസത്തെ തിരിച്ചുപിടിക്കണമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരുന്നു. വയനാട്ടിലെ വിവിധ കേന്ദ്രങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു മന്ത്രിയുടെ ആഹ്വാനം.