യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതികളുടെ ലഹരി മാഫിയാ ബന്ധം അന്വേഷിക്കും
Tuesday, September 17, 2024 12:21 PM IST
ശാസ്താംകോട്ട: മദ്യലഹരിയിൽ കാറിടിപ്പിച്ച് സ്കൂട്ടർ യാത്രക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ ലഹരി മാഫിയാ ബന്ധം അന്വേഷിക്കാൻ പോലീസ്. മാത്രമല്ല, പ്രതികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വിശദമായ തെളിവെടുപ്പും നടത്തേണ്ടതുണ്ട്. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അടുത്ത ദിവസം കോടതിയെ സമീപിക്കും.
മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപുല്ലുവിള വീട്ടിൽ നൗഷാദിന്റെ ഭാര്യ കുഞ്ഞുമോൾ (45) ആണ് തിരുവോണ ദിവസം നാട്ടുകാർ നോക്കിനിൽക്കെ ദാരുണമായി കൊല്ലപ്പെട്ടത്. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മൽ (29), ഇയാളുടെ സുഹൃത്തും കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ നെയ്യാറ്റിൻകര സ്വദേശിനി ശ്രീക്കുട്ടി (27) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഇപ്പോൾ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ റിമാൻഡിലാണ്.
ഇരുവരും മദ്യ ലഹരിയിലായിരുന്നു എന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മദ്യത്തോടൊപ്പം മയക്കുമരുന്നും ഇവർ ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. അങ്ങനെയെങ്കിൽ മയക്കുമരുന്ന് ഇവർക്ക് എവിടുന്ന് കിട്ടി, ലഹരി റാക്കറ്റുമായി ഇവർക്കുള്ള ബന്ധം എന്ന കാര്യങ്ങളിൽ വ്യക്തത വരുത്താൻ അന്വേഷണം നടത്തുമെന്ന് ശാസ്താംകോട്ട പോലീസ് പറഞ്ഞു.
ഡോ. ശ്രീക്കുട്ടി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്. പിന്നീട് വിവാഹമോചനവും നേടി. നാലുമാസം മുമ്പ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം ദൃഢമാകുകയായിരുന്നു. ഇതിനിടയിൽ ശ്രീക്കുട്ടിയിൽ നിന്ന് ലക്ഷങ്ങൾ അജ്മൽ കൈവശപ്പെടുത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഡോ. ശ്രീക്കുട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇവരുടെ പ്രാദേശികമായ വിവരങ്ങൾ അറിയുന്നതിന് പോലീസ് സംഘം നെയ്യാറ്റിൻകരയിലും അന്വേഷണം നടത്തും. അവിടത്തെ പോലീസ് സ്റ്റേഷനിൽ നിന്ന് ശാസ്താംകോട്ട പോലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുമുണ്ട്. ഡോക്ടറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് പിരിച്ചു വിടുകയും ചെയ്തു.
അജ്മലിന്റെ സൗഹൃദത്തിൽ വേറെയും യുവതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സുഹൃത്തുക്കൾ അടക്കമുള്ളവരിൽനിന്ന് മൊഴിയെടുക്കും.
അജ്മലിനെതിരേ ഏഴ് കേസുകൾ നിലവിലുണ്ട്. വാഹനങ്ങൾ വാടകയ്ക്കെടുത്ത ശേഷം മറിച്ച് വിറ്റതും കെഎസ്ആർടിസി ബസ് ആക്രമിച്ചു തകർത്തതും ഇതിൽ ഉൾപ്പെടും. പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദനത്തടി കടത്തിയ കേസിലും അജ്മൽ പ്രതിയാണ്.
കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. നാട്ടുകാർ വലിയ പ്രതിഷേധത്തിലായതിനാൽ പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുക ദുഷ്കരമാകും. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.