മൈനാഗപ്പള്ളി കേസ്; പ്രതി അജ്മലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
Tuesday, September 17, 2024 11:30 AM IST
കൊല്ലം: മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കേസിലെ പ്രതിയായ അജ്മലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഇതിനുശേഷം ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അപകടത്തിൽ നിര്‍ണായകമായ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടമുണ്ടാക്കിയശേഷം പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും കാറിൽ അമിതവേഗതയിൽ പോകുന്നതും കാറിനെ നാട്ടുകാര്‍ ബൈക്കില്‍ പിന്തുടര്ന്ന് തടയുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പ്രതികൾ മദ്യത്തിനൊപ്പം രാസലഹരിയും ഉപയോഗിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കും. പ്രതികളുടെ രക്ത, മൂത്ര സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കേസിൽ റിമാൻഡിലുള്ള പ്രതികൾ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ്. പ്രതികൾ ബോധപൂർവം വീട്ടമ്മയുടെ ശരീരത്തിലൂടെ കാർ കയറ്റിയെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഡോക്ടർ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാൻ അജ്മലിന് നിർദേശം നൽകിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കേസിൽ ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്.