നിപ: സമ്പര്‍ക്ക പട്ടികയിലുള്ള ഒരാളടക്കം 49 പേർക്ക് പനി, നിയന്ത്രണങ്ങള്‍ തുടരുന്നു
Tuesday, September 17, 2024 8:34 AM IST
വണ്ടൂര്‍: മലപ്പുറം തിരുവാലിയില്‍ നിപയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഇന്നും സര്‍വേ തുടരും. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തും. കഴിഞ്ഞദിവസം നടത്തിയ സര്‍വയില്‍ സമ്പര്‍ക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബംഗളൂരുവില്‍ നിന്നെത്തിയ വിദ്യാര്‍ഥിയായ 24 കാരന് പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ മരിച്ചത്. ബംഗളൂരുവില്‍ വച്ച് കാലിനുണ്ടായ പരിക്കിന് ആയുര്‍വേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാള്‍ക്ക് പനി ബാധിച്ചത്.
വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ സാമ്പിള്‍ ഫലം പോസിറ്റീവാകുകയായിരുന്നു. തുടര്‍ന്ന് സ്ഥിരീകരണത്തിനായി പുന നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിള്‍ അയച്ചിരുന്നു. ഈ പരിശോധനയുടെ ഫലമാണ് പോസിറ്റീവായത്.
യുവാവിന്റെ സഹപാഠികള്‍ നിരീക്ഷണത്തിലാണ്. മരിച്ച 24 കാരന് ബംഗളൂരുവിലായിരുന്നു പഠിച്ചിരുന്നത്. മരണ വിവരമറിഞ്ഞ് സഹപാഠികള്‍ തിരുവാലിയില്‍ എത്തിയിരുന്നു. ഇതില്‍ 13 വിദ്യാര്‍ഥികള്‍ നിലവില്‍ കേരളത്തിലാണ്. ഇവരോട് നാട്ടില്‍ തുടരാൻ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെന്റ് സോണായ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. തിരുവാലി പഞ്ചായത്തിലാകെ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
നിപ മൂലം മരിച്ച വിദ്യാര്‍ഥിയുടെ റൂട്ട് മാപ്പ് തിങ്കളാഴ്ച ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. മലപ്പുറം നിപ കണ്ട്രോള് സെല്ലാണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്. ഈ മാസം നാലു മുതല്‍ എട്ടുവരെയുള്ള ദിവസങ്ങളിലെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.
നിലമ്പൂര്‍ പോലീസ് സ്റ്റേഷന്, വണ്ടൂര്‍ നിംസ്, പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളജ്, ഫാസില്‍ ക്ലിനിക്ക്, ജെ.എം.സി.ക്ലിനിക് എന്നിവിടങ്ങളില്‍ യുവാവ് എത്തിയിട്ടുണ്ട്. ഇതിനു പുറമെ പാരമ്പര്യ വൈദ്യന് ബാബുവുമായും സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്.
പനി ബാധിച്ച് ഇയാളില്‍ നിന്നും യുവാവ് ചികിത്സ തേടിയിരുന്നു. ഈ യുവാവ് ഇവിടെ വന്നപ്പോള്‍ ഉണ്ടായിരുന്ന എല്ലാവരും നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
നിപയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് കണ്ട്രോള് റൂമടക്കം തുറന്നിട്ടുണ്ട്. 0483 273 2010, 0483 273 2060 എന്നീ നമ്പരുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് റൂമുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.