രഞ്ജിത്തിനെതിരായ കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും
Tuesday, September 17, 2024 7:52 AM IST
കൊച്ചി: സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ പരാതിക്കാരിയായ ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്ക് കേരളത്തിലേക്ക് എത്താന്‍ താല്‍പ്പര്യമില്ലെന്ന് നേരത്തെ നടി വ്യക്തമാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് കോല്‍ക്കത്തയിലെ ആലിപ്പൂര്‍ സെഷന്‍സ് കോടതിയില്‍ നടി എത്തി, അവിടെ നിന്ന് എറണാകുളത്തെ മജിസ്ട്രേറ്റ് കോടതിയിലേക്ക് ഓണ്‍ലൈന്‍ വഴിയാകും രഹസ്യമൊഴി നല്‍കുക. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ പ്രത്യേക അന്വേഷണസംഘം എറണാകുളത്തെ കോടതി മുഖേന ആലിപ്പൂര്‍ കോടതിയിലേക്ക് രേഖകള്‍ കൈമാറി. നിലവില്‍ കോല്‍ക്കത്തയിലാണ് നടിയുള്ളത്.
കേസില്‍ കഴിഞ്ഞ 12ന് അന്വേഷണസംഘം രഞ്ജിത്തിനെ ചോദ്യം ചെയ്തിരുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ രഞ്ജിത്ത് നിഷേധിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടിവിലാണ് രഞ്ജിത്തിനെ വിട്ടയച്ചത്.
അതേസമയം മൊഴിയെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കി വൈകാതെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമേ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലും പ്രതിയാണ് രഞ്ജിത്ത്.