കേജരിവാളിന്റെ രാജി ഇന്ന്; അടുത്ത മുഖ്യമന്ത്രി അതിഷിയോ..?
Tuesday, September 17, 2024 7:03 AM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇന്ന് ഗവർണർ വി.കെ. സക്സേനയ് ക്ക് രാജി സമർപ്പിക്കും. വൈകുന്നേരം നാലരയോടെ ഗവർണറുടെ വസതിയിൽ കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരിക്കും രാജി.
അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ആം ആദ്മി പാർട്ടി എംഎൽഎമാരുടെ നിർണായക കൂടിക്കാഴ്ച ഇന്നു രാവിലെ 11ന് കേജരിവാളിന്റെ വസതിയിൽ നടക്കും.
അതേസമയം, അതിഷി മർലെന, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ് എന്നിവർ ഉൾപ്പെടെ മുതിർന്ന എഎപി നേതാക്കൾ കേജരിവാളുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ ചർച്ച ചെയ്തു എന്നാണു വിവരം.
ഡൽഹി മദ്യനയക്കേസിൽ നേരത്തേ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നു വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രി അതിഷി മർലെനയാണു മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരിൽ മുന്നിൽ.
കേജരിവാളും സിസോദിയയും ജയിലിൽ കഴിഞ്ഞപ്പോൾ പാർട്ടിയെ മുന്നിൽ നിന്നു നയിച്ച അതിഷിയാണു നിലവിൽ എഎപിയുടെ മൂന്നാം മുഖം. എഎപിയുടെ ദേശീയ വക്താവ് സൗരഭ് ഭരദ്വാജ്, രാജ്യസഭാംഗമായ യുവനേതാവ് രാഘവ് ഛദ്ദ, ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട്, പരിസ്ഥിതി മന്ത്രി ഗോപാൽ റായ് എന്നീ പേരുകളും മുഖ്യമന്ത്രിപദത്തിലേക്കു പരിഗണിക്കപ്പെടുന്നുണ്ട്.
ഡൽഹി മദ്യനയ അഴിമതി കേസിൽ ജയിലിലായിരുന്ന കേജരിവാൾ ജാമ്യം ലഭിച്ചു പുറത്തിറങ്ങി രണ്ടു ദിവസത്തിനുശേഷമാണ് ആം ആദ്മി പാർട്ടി പ്രവർത്തകരെയും ദേശീയ രാഷ്ട്രീയത്തെയും ഞെട്ടിച്ചുകൊണ്ട് രാജി പ്രഖ്യാപിച്ചത്.
“അഗ്നിപരീക്ഷ വിജയിച്ചു. ജനങ്ങൾ നീതിയുടെ സർട്ടിഫിക്കറ്റ് നൽകിയതിനുശേഷം മാത്രമേ ഇനി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ ഞാൻ യോഗ്യനാകൂ’’ എന്നാണ് കേജരിവാൾ രാജി പ്രഖ്യാപിച്ചുകൊണ്ടു പറഞ്ഞത്.
ഡൽഹി സർക്കാരിന്റെ കാലാവധി അടുത്ത വർഷം ഫെബ്രുവരി വരെ ഉണ്ടെന്നിരിക്കേ തെരഞ്ഞെടുപ്പ് ഈ വർഷം നടത്താനുള്ള കേജരിവാളിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു.