സഞ്ജയ് രാജിന് അർധ സെഞ്ചുറി; കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് ജയം
Monday, September 16, 2024 11:21 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് ആറുവിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആലപ്പി റിപ്പിള്‍സ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗ്ലോബ്സ്റ്റാര്‍സ് കാലിക്കറ്റ് 16-ാം ഓവറിലെ അവസാന പന്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.
കാലിക്കറ്റിനുവേണ്ടി സഞ്ജയ് രാജ് 48 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടി. 21 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ലിസ്റ്റന്‍ അഗസ്റ്റിന് സഞ്ജയ്ക്ക് ഉറച്ച പിന്തുണ നല്കി. എം.അജിനാസ് (2), ഒമര്‍ അബൂബക്കര്‍ (0), രഹന് സായ് (14) എന്നിവരുടെ വിക്കറ്റുകളാണ് കാലിക്കറ്റിന് നഷ്ടമായത്.
വൈശാഖ് ചന്ദ്രനെറിഞ്ഞ 16-ാം ഓവറിലെ അവസാന പന്ത് സിക്സ് പായിച്ച് സല്മാന് നിസാറാണ് കാലിക്കറ്റിനു വേണ്ടി വിജയ റണ്‍ നേടിയത്. സല്മാന് 12 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തേ ടി.കെ.അക്ഷയുടെ ഇന്നിംഗ്സിന്റെ മികവിലാണ് ആലപ്പി 20 ഓവറില്‍ എട്ടിന് 144 റണ്‍സെന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്.
45 പന്തില്‍ 57 റണ്‍സ് നേടിയ അക്ഷയ് രണ്ട് സിക്സും അഞ്ച് ഫോറും നേടി. കാലിക്കറ്റിനു വേണ്ടി ക്യാപ്റ്റന്‍ അഖില്‍ സ്കറിയ നാലു ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടി. കാലിക്കറ്റിന്റെ സഞ്ജയ് രാജിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, കൊല്ലം സെയ്ലേഴ്സ്, ട്രിവാന്‍ഡ്രം റോയല്‍സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടി. കൊച്ചി ബ്ലൂ ടൈഗേഴ്സും ആലപ്പി റിപ്പിള്‍സുമാണ് സെമി കാണാതെ പുറത്തായി.