തൃശൂരില്‍ നിന്നും കാണാതായ കുട്ടികളെ ബംഗളൂരുവില്‍ കണ്ടെത്തി
Monday, September 16, 2024 2:27 PM IST
ബംഗളൂരു: തൃശൂര്‍ ചാവക്കാട് നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ ബംഗളൂരുവില്‍ കണ്ടെത്തി. ഈ മാസം 13ന് ആണ് കുട്ടികള്‍ വീടുവിട്ടിറങ്ങിയത്. വീട്ടുവഴക്കിനെ തുടര്‍ന്നാണ് ഇവര്‍ ഇറങ്ങിപ്പോയതെന്നാണ് വിവരം.
സംഭവത്തില്‍ ഗുരുവായൂര്‍ എസിപിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ ഇവര്‍ ട്രെയിനില്‍ മംഗലാപുരത്ത് എത്തിയതായി വിവരം ലഭിച്ചിരുന്നു.
പിന്നീട് അവിടെ നിന്നും പരിചയപ്പെട്ട ഒരാളിന്റെ കൈയില്‍ നിന്നും പൈസ വാങ്ങി ബംഗളൂരുവിന് പോയി. ഈ വിവരം ലഭിച്ച അന്വേഷണ സംഘം ഇവരെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തുകയായിരുന്നു.