രാജി പ്രഖ്യാപിച്ച് കേജരിവാൾ; രണ്ടുദിവസത്തികം സ്ഥാനമൊഴിയും, ജനങ്ങളെ കാണും
Sunday, September 15, 2024 1:12 PM IST
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു പുറത്തെത്തിയതിനു പിന്നാലെ രാജി പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. രണ്ടുദിവസം കഴിഞ്ഞാല്‍ താന്‍ മുഖ്യമന്ത്രി പദം രാജിവയ്ക്കുമെന്നും ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ ആ കസേരയില്‍ ഇരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകുമെന്നും ആംആദ്മി പാർട്ടി ആസ്ഥാനത്ത് വച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കേജരിവാൾ പറഞ്ഞു.
"ഞാൻ മുഖ്യമന്ത്രിയാകണമോയെന്നു ജനങ്ങൾ തീരുമാനിക്കട്ടെ. തെരുവിലേക്കും ഓരോ വീട്ടിലേക്കും ഞാനിറങ്ങുകയാണ്. ഞാൻ സത്യസന്ധനാണെന്നു നിങ്ങൾക്കു തോന്നിയാൽ വലിയ തോതിൽ എനിക്കു വോട്ട് രേഖപ്പെടുത്തണം. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ടാൽ മാത്രമ ഞാൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കൂ.'- കേജരിവാൾ പറഞ്ഞു.
ഡല്‍ഹിയില്‍ ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം നവംബറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുവരെ പാർട്ടിയിൽനിന്നു മറ്റൊരാൾ മുഖ്യമന്ത്രിയാകും. അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളിൽ എംഎൽഎമാരുടെ യോഗം ചേരും. അവർ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കേജ്രിവാൾ പറഞ്ഞു.