ഇന്ന് പൊന്നിൻ തിരുവോണം; ആഘോഷത്തിമിർപ്പിൽ നാടും നഗരവും
Sunday, September 15, 2024 9:56 AM IST
കോട്ടയം: പൊന്നിൻ തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടപ്പാച്ചിലിന്റെ ആരവങ്ങളൊഴിഞ്ഞു. ഇന്ന് തിരുവോണം. പ്രതിസന്ധികളും വേദനകളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ആഘോഷിക്കുകയാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി പക്ഷേ ഓണത്തിന് അത്രയ്ക്ക് മാധുര്യമില്ല.
മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞ കാലത്തിന്റെ ഗതകാലസ്മരണകളുമായാണ് ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നത്. ഓണക്കോടിയും ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം.
ഉത്രാടനാളില്‍ അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ തിരുവോണത്തിനൊരുങ്ങി. സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടി എടുക്കാനും പൂക്കൾ വാങ്ങാനും ഇന്നലെ നല്ല തിരക്കാണ് ടൗണുകളിൽ അനുഭവപ്പെട്ടത്. വസ്ത്ര വ്യാപാര ശാലകളിലും പച്ചക്കറി, പലചരക്ക് കടകളിലുമെല്ലാം തിരക്ക് രാത്രി വരെ നീണ്ടു.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തിരുവോണാശംസകൾ നേർന്നിരുന്നു. ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുൻപെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ ക്കുറിച്ചുള്ള ഹൃദ്യമായ ഓർമകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി ഓണസന്ദേശത്തിൽ പറഞ്ഞു.
ലോകമെങ്ങുമുള്ള മലയാളികൾക്ക് ദീപിക ഡോട്ട്കോമിന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ.