ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ
Sunday, September 15, 2024 6:02 AM IST
കോട്ടയം: മാങ്ങാനത്ത് ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. വാഴൂര്‍ സ്വദേശി മുകേഷ് കുമാര്‍ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ പൂജാരിയുടെ സ്വര്‍ണ്ണവും പണവുമാണ് ഇയാൾ മോഷ്ടിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 25 ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു വാഴൂര്‍ സ്വദേശി മുകേഷ് കുമാര്‍ പടച്ചിറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മോഷണം നടത്തിയത്. ക്ഷേത്രത്തിൽ സപ്താഹം നടത്താറുള്ള സ്റ്റേജിലെ ഉരുളിയിൽ വച്ചിരുന്ന പൂജാരിക്ക് ദക്ഷിണയായി ലഭിച്ച 8,000 രൂപ ഇയാൾ കവര്‍ന്നു. ഇതിന് അടുത്തായി വെച്ചിരുന്ന പൂജാരിയുടെ ബാഗിൽ നിന്നും മൂന്ന് ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരവും മോഷ്ടിച്ചു.
മോഷണം നടത്തിയ ഇയാൾ പിന്നീട് ഒളിവിൽ പോയി. സംഭവം നടന്ന ശേഷം രാവിലെ ക്ഷേത്രം ഭാരവാഹികളും പുജാരിയുമാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. വിരലടയാള വിദ്ഗധരെ അടക്കം ഉപയോഗിച്ച് പൊലീസ് ശാസ്ത്രീയമായ രീതിയിൽ അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.