ദീപാവലി സ്പെഷൽ; മുംബൈയിൽനിന്ന് കേരളത്തിലേക്ക് ട്രെയിൻ സർവീസ്
Saturday, September 14, 2024 7:50 PM IST
കൊല്ലം: ഉത്സവകാല തിരക്ക് ഒഴിവാക്കാൻ മുംബൈയിൽനിന്ന് കേരളത്തിലേയ്ക്ക് ദീപാവലി സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. ലോകമാന്യതിലക് ടെർമിനസിൽനിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര ട്രെയിനാണ് അനുവദിച്ചിട്ടുള്ളത്. കോട്ടയം വഴിയാണ് സർവീസ്.
ഒക്ടോബർ 24, 31, നവംബർ ഏഴ്, 14 തീയതികളിൽ വൈകുന്നേരം നാലിന് ലോക മാന്യതിലക് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 8.40 ന് കൊച്ചുവേളിയിൽ എത്തും വിധമാണ് സർവീസ്. കൊച്ചുവേളി-ലോകമാന്യതിലക് സ്പെഷൽ ഒക്ടോബർ 26, നവംബർ രണ്ട്, ഒമ്പത്, 16 തീയതികളിൽ വൈകുന്നേരം 4.20 ന് പുറപ്പെട്ട് പിറ്റേ ദിവസം രാത്രി 9.50ന് ലോകമാന്യ തിലക് ടെർമിനസിൽ എത്തും.
രണ്ട് ഏസി ടൂ ടയർ, ആറ് ഏസി ത്രീ ടയർ, എട്ട് സ്ലീപ്പർ ക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, അംഗപരിമിതർക്കായി ഒന്ന് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.