വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധക്കാരുമായി മമതാ ബാനർജി ചർച്ച നടത്തി
Saturday, September 14, 2024 7:05 PM IST
കോൽക്കത്ത: വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമം തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി. പ്രതിഷേധക്കാരുമായി മമത ബാനർജി ചർച്ച നടത്തി.
ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മമത ഉറപ്പ് നൽകി. മുഖ്യമന്ത്രി എന്ന നിലയിലല്ല ദീദി എന്ന നിലയിലാണ് താന്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും പറഞ്ഞാണ് മമത സമരവേദിയില്‍ നിന്ന് മടങ്ങിയത്.
പ്രതിഷേധം അവസാനിപ്പിച്ച് ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുതാര്യമായ നടപടിയാണ് വേണ്ടതെന്നും ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരമില്ലാതെ പിന്നോട്ടില്ലെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
കുറ്റക്കാരായവർക്ക് എന്തായാലും ശിക്ഷയുറപ്പാക്കും. കുറച്ച് സമയം മാത്രമാണ് ആവശ്യപ്പെടുന്നത്. പ്രതിഷേധക്കാർക്കെതിരെ സംസ്ഥാന സർക്കാർ ഒരു കാരണവശാലും നടപടിയെടുക്കില്ല. ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ആപേക്ഷിക്കുകയാണ്.
ഡോക്ടർമാരുടെ സുരക്ഷയുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.