സിനിമ നയരൂപീകരണ സമിതി പുനഃസംഘടിപ്പിക്കണമെന്നു നിര്‍മാതാക്കള്‍
Saturday, September 14, 2024 5:47 PM IST
കൊച്ചി: സര്‍ക്കാരിന്റെ സിനിമ നയരൂപീകരണ സമിതി പുനഃസംഘടിപ്പിക്കണമെന്ന് നിര്‍മാതാക്കള്‍. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പൂര്‍ണമായും തഴഞ്ഞാണ് സമിതിയിലെ അംഗങ്ങളെ നിശ്ചയിച്ചെന്ന പരാതിയാണ് നിർമാതാക്കൾ ഉയർത്തുന്നത്.
സമിതിയില്‍ മൂന്ന് അഭിനേതാക്കളെയും മൂന്നു സംവിധായകരെയും ആദ്യം ഉള്‍പ്പെടുത്തിയിരുന്നു. ഒരാള്‍ മാത്രമാണ് നിര്‍മാതാക്കളുടെ പ്രതിനിധിയായിട്ടുള്ളത്. ഇദ്ദേഹം അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളയാളല്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയിലുള്ളവര്‍ ആരോപിക്കുന്നത്.
നയരൂപവത്കരണ സമിതി യോഗത്തില്‍ സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം നിര്‍മാതാക്കളുടെ പ്രതിനിധികള്‍ ഉയര്‍ത്തിയിരുന്നു. സിനിമാനയത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ നിര്‍മാതാക്കളാണെന്ന് സമിതി ചെയര്മാന് ഷാജി എന്‍. കരുണ്‍ യോഗത്തില്‍ പറഞ്ഞു.
ഇതോടെയാണ് സമിതിയിലെ നിർമാതാക്കളുടെ പ്രാധിനിത്യത്തെക്കുറിച്ച് യോഗത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ജോ. സെക്രട്ടറി സന്ദീപ് സേനന് സംസാരിച്ചത്. മറ്റ് അസോസിയേഷൻ ഭാരവാഹികൾ നിർമാതാക്കളുടെ വാദത്തെ പിന്തുണയ്ക്കുകയും ചെയ്തു.
ലൈംഗിക പീഡന പരാതിയെത്തുടര്‍ന്ന് നടന് മുകേഷിനെ സമിതിയില്‍നിന്ന് നീക്കിയിരുന്നു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും സമിതി അംഗത്വം ഒഴിഞ്ഞു. ഇവര്ക്കുപകരമായി പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തിട്ടില്ല.