യെച്ചൂരിക്ക് യാത്രാമൊഴിയേകി രാജ്യം; വിലാപയാത്ര തുടങ്ങി
Saturday, September 14, 2024 3:49 PM IST
ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി. 3: 15 ഓടെ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് വിലപയാത്ര ആരംഭിച്ചത്.
മൃതദേഹം വിലാപയാത്രയായി 14 അശോക് റോഡ് വരെ കൊണ്ടുപോകും. വൈകുന്നേരം അഞ്ചോടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ഡല്‍ഹി എംയിസിന് കൈമാറും.
രാവിലെ 10: 15 ഓടെയാണ് മൃതദേഹം എകെജി ഭവനിലെത്തിച്ചത്. ലാല്‍ സലാം വിളികളോടെയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം ഏറ്റുവാങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, മുഖ്യമന്ത്രി പിണറായി വിജയൻ, ബൃന്ദാ കാരാട്ട്, പ്രകാശ് കാരാട്ട്, എം.എ.ബേബി എന്നിവരടക്കമുള്ള പ്രമുഖർ മൃതദേഹം ഏറ്റുവാങ്ങാൻ ഇവിടെയെത്തിയിരുന്നു.
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, എഎപി നേതാവ് മനീഷ് സിസോദിയ തുടങ്ങിയവരും യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് പഠനത്തിന് ഭൗതികശരീരം എയിംസിന് വിട്ടുനല്‍കുന്നത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരിക്കെയായിരുന്നു യെച്ചൂരിയുടെ വിയോഗം.