താനൂർ കസ്റ്റഡി മരണം: ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐക്ക് കുടുംബത്തിന്റെ പരാതി
Saturday, September 14, 2024 3:13 PM IST
മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബം സിബിഐക്ക് വീണ്ടും പരാതി നൽകി. കേസ് നാലു പേരിൽ ഒതുക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്നുമാണ് ആവശ്യം.
മലപ്പുറം എസ്പി ആയിരുന്ന എസ്.സുജിത് ദാസും ഡിവൈഎസ്പിയും അടക്കമുള്ളവരെയും കേസിൽ പ്രതി ചേർക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
താഴെതട്ടിലുള്ള ഉദ്യോഗസ്ഥർ മാത്രം ശിക്ഷിപ്പെടുന്ന പതിവ് രീതിക്ക് മാറ്റം വരണം. സിബിഐ കേസ് ഏറ്റെടുത്ത് ഒരു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.ഇത് സംബന്ധിച്ച ഗൂഢാലോചന സിബിഐ അന്വേഷിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി.
താനൂർ കസ്റ്റഡി കൊലപാതകത്തിൽ മലപ്പുറം എസ്പിയുടെ ഡാന്‍സാഫ് ടീം അംഗങ്ങളായിരുന്ന നാല് പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. താനൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേഷ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്ബിന് അഗസ്റ്റ്യന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സി പി.ഒ.വിപിന്‍ എന്നിവരാണ്.