യെച്ചൂരിയുടെ പിൻഗാമി ആര്? സിപിഎം പിബി യോഗം ഇന്ന്
Saturday, September 14, 2024 2:17 PM IST
തിരുവനന്തപുരം: അന്തരിച്ച സീതാറാം യെച്ചൂരിയുടെ പിന്‍ഗാമി ആരെന്നത് സംബന്ധിച്ച് ഇന്നു ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പ്രാഥമിക ധാരണയാകും. പിബിയുടെ ശിപാര്‍ശ കൂടി പരിഗണിച്ച് 27ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
മധുര പാർട്ടി കോൺഗ്രസിൽ, മൂന്നു ടേം പൂർത്തിയാക്കി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാനിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത നിര്യാണം.
അടുത്ത ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് മധുരയിൽ ചേരാനിരിക്കെ ജനറല്‍ സെക്രട്ടറിയായി ഏതെങ്കിലും മുതിര്‍ന്ന നേതാവിനു ചുമതല നല്‍കാനാണ് സാധ്യത. അടുത്ത ജനറൽ സെക്രട്ടറി പദത്തിലേക്കു വൃന്ദ കാരാട്ട്, മണിക് സർക്കാർ, എം.എ.ബേബി തുടങ്ങിയ പേരുകളാണ് ചർച്ചകളിൽ സജീവം.
മുൻപ് മൂന്നു തവണ സെക്രട്ടറിയായിരുന്നതിനാൽ പ്രകാശ് കാരാട്ടിന് താത്കാലിക ചുമതല നൽകാനും സാധ്യതയുണ്ട്. ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം, ആന്ധ്രയില്‍ നിന്നുള്ള ബി.വി. രാഘവലു, തപൻസെൻ എന്നിവരും പരിഗണിക്കപ്പെടാനിടയുണ്ട്. പാര്‍ട്ടി ഭരണത്തിലുള്ള ഏക സംസ്ഥാനം എന്ന നിലയില്‍ കേരള ഘടകത്തിന്റെ നിലപാട് ഇക്കാര്യത്തില്‍ നിർണായകമാകും.
നിലവില്‍ പാര്‍ട്ടിയുടെ മാനദണ്ഡമനുസരിച്ച് 75 വയസിനു മുകളിലുള്ളവര്‍ പിബിയിൽ തുടരില്ല. ഈ മാനദണ്ഡം കര്‍ശനമായി പാലിച്ചാല്‍ മധുര പാര്‍ട്ടി കോണ്‍ഗ്രസോടെ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, സൂര്യകാന്ത മിശ്ര, സുഭാഷിണി അലി എന്നിവര്‍ പിബിയില്‍ നിന്നു പുറത്താവും. എന്നാൽ, ഇക്കാര്യത്തിൽ ഇളവ് നല്‍കാനും പാർട്ടി കോൺഗ്രസിന് കഴിയും.
സീതാറാം യെച്ചൂരിയുടെ ഭൗതിക ദേഹം എയിംസിനു പഠനത്തിനായി കൈമാറിയതിനു ശേഷം പിബി അംഗങ്ങൾ പാർട്ടി ആസ്ഥാനത്തു യോഗം ചേരുമെന്നാണ് നിലവിലെ തീരുമാനം. പിൻഗാമിയുടെ കാര്യത്തിൽ ഇന്നു തീരുമാനമുണ്ടായില്ലെങ്കിൽ ഈ മാസം അവസാനം നടക്കുന്ന പിബി യോഗത്തിൽ ഇക്കാര്യം ചർച്ചയാകും.