ഏലക്കാ വ്യാപാര തട്ടിപ്പ്: ആസൂത്രകന്‍ അറസ്റ്റില്‍
Saturday, September 14, 2024 1:47 PM IST
ഇടുക്കി: ഏലക്കാ വില്‍പ്പനയുടെ മറവില്‍ കോടികള്‍ കബളിപ്പിച്ച സംഭവത്തില്‍ മുഖ്യ ആസൂത്രകനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി മുഹമ്മദ് നസീറാണ് അറസ്റ്റിലായത്. കബളിക്കപ്പെട്ട ഏലം കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിമാലി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയില്‍നിന്ന് പ്രതിയെ പിടികൂടിയത്.
കൊന്നത്തടി, കൊമ്പൊടിഞ്ഞാല്‍ അടക്കം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്ന് കര്‍ഷകരെ കബളിപ്പിച്ചു കോടികള്‍ തട്ടിയെന്ന പരാതിയില്‍ പോലീസ് ഇയാള്‍ക്കെതിരേ അന്വേഷണം നടത്തി വരികയായിരുന്നു. അടിമാലി, വെള്ളത്തൂവല്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു.
ഇടുക്കിയിലെ പല കേന്ദ്രങ്ങളിലും ഏലക്കാ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ച് മൊത്തമായും ചില്ലറയായും ഏലക്കാ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. വിപണി വിലയെക്കാള്‍ 1,000 രൂപ വരെ അധികം വിലയിട്ട് ഏലക്ക സംഭരിച്ച ശേഷമാണ് പണം നല്‍കാതെ കര്‍ഷകരെയും ഇടനിലക്കാരെയും വ്യാപാരികളെയും പറ്റിച്ചു കടന്നുകളഞ്ഞത്.
കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കൂടി കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ ഏലക്കാ സംഭരിച്ചിരുന്നത്. അന്ന് ആദ്യഘട്ടങ്ങളില്‍ കൃത്യമായി പണം നല്‍കിയിരുന്നു. പിന്നീട് 30 മുതല്‍ 45 ദിവസത്തിനുള്ളില്‍ പണം നല്‍കാമെന്ന് പറഞ്ഞാണ് ഏലക്കാ സംഭരിച്ച് ലോഡ് കയറ്റി അയച്ചിരുന്നത്. കര്‍ഷകരേക്കാള്‍ അധികം ഇടനില വ്യാപാരികളാണ് കബളിപ്പിക്കപ്പെട്ടത്.
പണം ലഭിക്കാനുള്ളവര്‍ ഇടുക്കി ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഒരുലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെ പലര്‍ക്കും ലഭിക്കാനുണ്ട്. എന്‍ ഗ്രീന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ വിവിധ സ്ഥലങ്ങളില്‍ കടമുറികള്‍ വാടകയ്ക്ക് എടുത്ത ശേഷം ജീവനക്കാരെ വച്ച് ഏലക്ക സംഭരിക്കുകയായിരുന്നു.
ഏലക്കായ്കള്‍ മൊത്തമായി വാങ്ങി ഗ്രേഡ് തിരിച്ച് ലോഡ് കയറ്റുന്നതിന് നിരവധി പേരെ പലയിടങ്ങളിലായി കമ്പനിയുടെ പേരില്‍ നിയോഗിച്ചിരുന്നു. കമ്മീഷന് വ്യവസ്ഥയില്‍ ഏലക്ക വാങ്ങി കമ്പനിക്ക് കൈമാറാന്‍ ഏജന്റുമാരും പ്രവര്‍ത്തിച്ചിരുന്നതായി കര്‍ഷകര്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് വേണ്ട രീതിയിലുള്ള അന്വേഷണം നടത്താതെ വന്നപ്പോള്‍ വിവിധ രാഷ്ട്രീയ കക്ഷികളും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് അടിമാലി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാളെ പിടികൂടിയത്.