ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസ്
Saturday, September 14, 2024 12:11 PM IST
കോഴിക്കോട്: ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് കോഴിക്കോട് ഉള്ള്യേരി മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ ഗര്‍ഭപാത്രം തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 194 വകുപ്പുപ്രകാരമാണ് അത്തോളി പോലീസ് കേസെടുത്തത്.
ബാലുശേരി ഏകരൂല്‍ ആറപ്പറ്റകുന്നുമ്മല് അശ്വതി (35)യും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തിലാണ് കേസ്. ഭര്‍ത്താവ് വിവേകിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.
അശ്വതിയെ ഈ മാസം ഏഴിന് പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. സിസേറിയന് നടത്താനായി തിയറ്ററില്‍ കയറ്റിയപ്പോള്‍ കുഞ്ഞു മരിക്കുകയും അശ്വതിയുടെ ഗര്‍ഭപാത്രം എടുത്തുകളയുകയും പിന്നീട് മറ്റൊരു ആശുപത്രിയില്‍വച്ച് അശ്വതി മരിക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിതായി ചൂണ്ടിക്കാട്ടിയാണ് വിവേക് പരാതി നല്‍കിയിരുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി മലബാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രസവ വേദന ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവച്ചു. ബുധനാഴ്ച ഉച്ചയായപ്പോള്‍ വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല.
സിസേറിയന് നടത്തണമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണ രീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. പിന്നീട് വ്യാഴാഴ്ച പുലര്‍ച്ചെ ആയപ്പോള്‍ അശ്വതിയെ ഓപ്പറേഷന് തിയറ്ററിലേക്ക് കൊണ്ടുപോകുന്നതു കണ്ടതായി ബന്ധുക്കള്‍ പറഞ്ഞു.
ഗര്‍ഭപാത്രം തകര്‍ന്ന് കുഞ്ഞ് മരിച്ചുവെന്നും ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കളുടെ അനുമതിയോടെ ഗര്‍ഭപാത്രം നീക്കം ചെയ്യുകയും ചെയ്തു.
ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് അശ്വതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അശ്വതി മരിച്ചത്. അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്.