യെച്ചൂരിക്ക് ഇന്ന് വിട നല്‍കും; എകെജി ഭവനില്‍ പൊതുദര്‍ശനം
Saturday, September 14, 2024 8:48 AM IST
ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയപ്പ് നല്‍കും. ഭൗതികശരീരം ഇന്ന് പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെയാണ് പൊതുദര്‍ശനം.
വിവിധ മേഖലയിലെ പ്രമുഖരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൊതുജനങ്ങളും യെച്ചൂരിക്ക് ആദരാഞ്ജലികള്‍ ആര്‍പ്പിക്കും. എകെജി ഭവനില്‍ നിന്നും മൃതദേഹം വിലാപയാത്രയായി 14 അശോക് റോഡ് വരെ കൊണ്ടുപോകും.
വൈകുന്നേരം അഞ്ചോടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ഡല്‍ഹി എംയിസിന് കൈമാറും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് പഠനത്തിന് ഭൗതികശരീരം എയിംസിന് വിട്ടുനല്‍കുന്നത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരിക്കെയായിരുന്നു യെച്ചൂരിയുടെ വിയോഗം.
1952 ഓഗസ്റ്റ് 12 ന് ചെന്നൈയിലാണ് അദ്ദേഹത്തിന്റെ ജനനം. ഒരു തെലുങ്ക് കുടുംബത്തിലായിരുന്നു അദ്ദേഹം പിറന്നത്. 1992 മുതല്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായി. 2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗവുമായിരുന്നു യെച്ചൂരി.
2015 ഏപ്രിലില്‍ വിശാഖപട്ടണത്ത് ചേര്‍ന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2005 മുതല്‍ 2015 വരെ തുടര്‍ച്ചയായി മൂന്ന് തവണ ആ സ്ഥാനം വഹിച്ച പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായിട്ടാണ് യെച്ചൂരി എത്തിയത്. 2018 ഏപ്രില്‍ 18 വരെ ഹൈദരാബാദില്‍ നടന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹം വീണ്ടും സിപിഎം ജനറല്‍ സെക്രട്ടറിയായി. 2022 ഏപ്രില്‍ ആറു മുതല്‍ 10 വരെ കണ്ണൂരില്‍ നടന്ന 23 -ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹം മൂന്നാമതും പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.