ട്രംപിന്റെയും കമലാ ഹാരിസിന്റെയും നിലപാടുകൾ ജീവനെതിരെന്ന് ഫ്രാൻസിസ് മാർപാപ്പ
Saturday, September 14, 2024 7:24 AM IST
വത്തിക്കാൻ സിറ്റി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ട്രംപിന്റെയും കമലാ ഹാരിസിന്റെയും നിലപാടുകൾ ജീവനെതിരാണെന്ന് മാർപാപ്പ മാർപാപ്പ പറഞ്ഞു.
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടുമാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്. ഡോണൾഡ് ട്രംപിന്റെയും കമല ഹാരിസിന്റെയും പേരു പരാമർശിക്കാതെയായിരുന്നു മാർപാപ്പയുടെ വിമർശനം. സിംഗപ്പുരിൽനിന്നു റോമിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മാർപാപ്പ.
കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്. ഗർഭഛിദ്രം കൊലപാതകമാണ്. കുടിയേറ്റക്കാരെ ഓടിച്ചുവിടുന്നയാളായാലും കുഞ്ഞുജീവനുകളെ കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നയാളായാലും അവർ ജീവിതത്തിനെതിരാണ്. ഇവയിൽ ചെറിയ തിന്മയെ നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കണം.
ആരാണ് കുറഞ്ഞ തിന്മ ചെയ്യുന്നത്. ആ സ്ത്രീയോ അതോ ആ പുരുഷനോ? എനിക്കറിയില്ല. എല്ലാവരും മനസാക്ഷിപൂർവം ചിന്തിച്ച് വോട്ടു ചെയ്യണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.