അടിക്ക് തിരിച്ചടി; ഐഎസ്എൽ ഉദ്ഘാടന മത്സരം സമനിലയില്‍
Friday, September 13, 2024 11:25 PM IST
കോൽക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ മോഹന്‍ ബഗാൻ മുംബൈ സിറ്റി എഫ്സി പോരാട്ടം സമനിലയിൽ കലാശിച്ചു. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ മോഹന്‍ ബഗാനും മുംബൈ സിറ്റി എഫ്സിയും തമ്മില്‍ ഈ സീസണ് ഉദ്ഘാടന മത്സരത്തില്‍ വീണ്ടും കൊമ്പുകോർത്തപ്പോൾ ഇരുടീമിനും ജയമില്ല.
മത്സരം 2-2 സമനിലയിൽ കലാശിച്ചു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍നിന്ന മോഹന്‍ ബഗാന് രണ്ടാം പകുതിയില്‍ ഗോളുകള്‍ വഴങ്ങിയതോടെ മത്സരം സമനിലയിലേക്ക് നീങ്ങിയത്. കളിയുടെ ഒമ്പതാം മിനിറ്റില്‍ തന്നെ മോഹന്‍ ബഗാന് മുന്നിലെത്തി.
മുംബൈ താരം എസ്പിനോസ അരോയോയുടെ സെല്‍ഫ് ഗോളാണ് തുടക്കത്തിൽ തന്നെ മോഹന്‍ ബഗാന് ലീഡൊരുക്കിയത്. 28-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസിലൂടെ മോഹന്‍ ബഗാന് വീണ്ടും മുന്നിലെത്തി.
രണ്ടാം പകുതിയിൽ സർവസന്നാഹങ്ങളുമായി കളത്തിലിറങ്ങിയ മുംബൈ എഴുപതാം മിനിറ്റിൽ മോഹന്‍ ബഗാന്റെ വലകുലുക്കി. ലൂയിസ് എസ്പിനോസ അരോയോ വകയായിരുന്നു മുംബൈയുടെ ഗോള്‍. 90-ാം മിനിറ്റില്‍ തായര്‍ ക്രോമയുടെ ഗോള്‍ കൂടി വന്നതോടെ മുംബൈ സമനില പിടിച്ചു.
പിന്നീട് മത്സരത്തിൽ അധികമായി കിട്ടിയ അഞ്ചുമിനിറ്റിൽ ഗോള്‍ മടക്കാന്‍ മോഹന്‍ ബഗാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും എതിരാളികളുടെ വലചലിപ്പിക്കാനായില്ല. കടുത്ത ആക്രമണമാണ് നിലവിലെ ചാമ്പ്യൻമാർ കളിയിലുടനീളം പുറത്തെടുത്തത്.