ശ്രുതിയെ ചേർത്തു പിടിക്കണം, സർക്കാർ ജോലി നൽകണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
Friday, September 13, 2024 7:29 PM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കുടുംബത്തെയും പിന്നാലെ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിയ്ക്ക് സർക്കാർ ജോലി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
കഠിനമായ പരീക്ഷണ ഘട്ടത്തിലൂടെ കടന്ന് പോകുന്ന ശ്രുതിക്ക് ഈ സങ്കടകാലത്തെ അതിജീവിക്കാന്‍ കഴിയണം. അതിന് നമ്മള് ശ്രുതിയെ ചേര്‍ത്തു പിടിക്കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പടെയുള്ള ഉറ്റവര്‍ നഷ്ടപ്പെട്ട ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരന് ജെന്സന് കഴിഞ്ഞദിവസം രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. അമ്പലവയല്‍ ആണ്ടൂര്‍ പരിമളത്തില്‍ മേരി ജയന് ദമ്പതികളുടെ മകനാണ് ജെന്സന്.
ചൊവ്വാഴ്ച വൈകുന്നേരം കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ജെന്‍സനും പ്രതിശ്രുത വധു ശ്രുതിക്കും പരിക്കേറ്റിരുന്നു. ശേഷം വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് ജെന്‍സന്റെ മരണം സംഭവിച്ചത്.
ഇവര്‍ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാന്‍ വെട്ടിപൊളിച്ചാണ് കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ജെന്‍സനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാലിനു പരിക്കേറ്റ ശ്രുതി കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉരുള്‍പൊട്ടലില്‍ അച്ഛന് ശിവണ്ണന്, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി രക്ഷപ്പെട്ടു. പ്രിയപ്പെട്ടവരെ വിയോഗത്തില്‍ തളര്‍ന്ന ശ്രുതിക്ക് കൈത്താങ്ങായത് ജെന്‍സനായിരുന്നു.
ദുരന്തത്തിന് ഒരു മാസം മുന്‍പ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹം ഡിസംബറില്‍ ആണ് തീരുമാനിച്ചിരുന്നത്. ഇതിനായി സ്വരുക്കൂട്ടി വെച്ച് നാലര ലക്ഷം രൂപയും 15 പവനും മാസങ്ങള്‍ക്ക് മുന്‍പ് പണിത വീടും എല്ലാം ആ ദിവസം മണ്ണിലമര്‍ന്നു.
ദുരന്തം തനിച്ചാക്കിയ ശ്രുതിക്ക് താങ്ങേകി ഒപ്പമുണ്ടായിരുന്നത് ജെന്‍സനായിരുന്നു. ഈ മാസം അവസാനം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് വാഹനാപകടം ജെന്‍സന്റെ ജീവനെടുത്തത്.