ജയിൽ മോചിതൻ; ധൈര്യം നൂറു മടങ്ങ് വർധിച്ചതായി അരവിന്ദ് കേജരിവാൾ
Friday, September 13, 2024 7:06 PM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജയിൽ മോചിതനായി. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കേജരിവാൾ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
ജയിൽ മോചിതനായി പുറത്തിറങ്ങിയ അദ്ദേഹത്തെ ഒരു കൂട്ടം ആംആദ്മി പാർട്ടി പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എംപി സഞ്ജയ് സിംഗ് തുടങ്ങിയ നേതാക്കളും തിഹാർ ജയിലിനു മുന്നിൽ കേജരിവാളിനെ സ്വീകരിക്കാൻ ഉണ്ടായിരുന്നു.
ജയിലിൽനിന്ന് പുറത്തിറങ്ങിയ കേജരിവാൾ പ്രവർത്തകരെ അഭിസംബോധനചെയ്തു. തന്റെ ധൈര്യമിപ്പോൾ നൂറുമടങ്ങു വർധിച്ചുവെന്ന് അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു.
ഈ കനത്ത മഴയിലും നിങ്ങൾ ഇത്രയും പേർ ഇവിടെ വന്നു. അതിന് എല്ലാവരോടും നന്ദി. ഈ ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു.
എന്നാൽ സത്യത്തിന്റെ പാതയിലൂടെയാണ് ഞാൻ നടന്നതെന്നതിനാൽ ദൈവം എപ്പോഴും ഒപ്പമുണ്ടായിരുന്നു. തന്റെ ജീവിതം ഈ രാജ്യത്തിനു വേണ്ടി സമർപ്പിക്കപ്പെട്ടിരുന്നുവെന്നും കേജരിവാൾ പറഞ്ഞു.
മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജരിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. കേജരിവാളിനെ അനന്തകാലം തടവിലിടുന്നത് ശരിയല്ലെന്നും വിചാരണ പെട്ടെന്ന് പൂർത്തിയാകാനിടയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഈ കേസില്‍ നാലുകുറ്റപത്രമാണ് ഇതുവരെ സമര്‍പ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകും. അതുവരെ ഒരാളെ ജയിലില്‍ ഇടുകയെന്നത് തികച്ചും നിയമവിരുദ്ധമായ കാര്യമാണ്. ജാമ്യവുമായി ബന്ധപ്പെട്ട കാര്യം പരിഗണിക്കുമ്പോള്‍ ഒരുവ്യക്തിയുടെ സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും ഒഴിവാക്കാനാകാത്ത ഘട്ടത്തില്‍ മാത്രമാണ് ജയിലെന്നും കോടതി ചൂണ്ടിക്കാട്ടി.