ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല
Friday, September 13, 2024 3:35 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. അതേസമയം ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വരെ തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഞായറാഴ്ച വരെ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്ന് മധ്യപടിഞ്ഞാറൻ അറബിക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, വടക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, ഒഡിഷ തീരം, പടിഞ്ഞാറൻ ബംഗാൾ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.