സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; മുഖ്യപ്രതി ഡൽഹിയിൽ പിടിയിൽ
Friday, September 13, 2024 10:01 AM IST
കൊച്ചി: സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി ഡൽഹിയിൽ പിടിയിൽ. ഡല്‍ഹി സ്വദേശി പ്രിന്‍സിനെയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
ഫെബ്രുവരിയിൽ കൊച്ചി സ്വദേശിയിൽ നിന്ന് 29 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പ്രമുഖ വിമാനകമ്പനിയുമായി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചാണ് സിബിഐ ഉദ്യോഗസ്ഥർ എന്ന പേരിൽ തട്ടിപ്പുസംഘം യുവാവിനെ ബന്ധപ്പെടുന്നത്. വെര്‍ച്വല്‍ അറസ്റ്റിലാണെന്നും നടപടിയില്‍ നിന്ന് ഒഴിവാകാന്‍ 29 ലക്ഷം കൈമാറണമെന്നും ആവശ്യപ്പെടുകയായിരുന്നു.
പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രിന്‍സ് പിടിയിലായത്. പിടിയിലായ ദിവസം ഇയാളുടെ അക്കൗണ്ടിലൂടെ നാലരകോടിയുടെ ഇടപാടുകളാണ് നടന്നത്. കേരളത്തില്‍ കൂടുതല്‍ പേരില്‍ നിന്ന് സംഘം പണം തട്ടിയതായും പോലീസ് സംശയിക്കുന്നു.