മദ്യനയ അഴിമതിക്കേസ്: കേജരിവാളിന്റെ "വിധി' ഇന്നറിയാം
Friday, September 13, 2024 8:46 AM IST
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വെള്ളിയാഴ്ച വിധി പറയും. സിബിഐ എടുത്ത കേസിലാണ് വിധി പറയുക. ഈ കേസില്‍ക്കൂടി ജാമ്യം ലഭിച്ചാല്‍ കേജരിവാള്‍ ജയില്‍ മോചിതനാകും.
രാവിലെ പത്തരയ്ക്കാണ് കേസ് പരിഗണിക്കുക. ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്.
ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള കരുതല്‍ അറസ്റ്റാണ് സിബിഐയുടെ നടപടിയെന്നായിരുന്നു കേജരിവാളിന്റെ വാദം. കേസിലെ അറസ്റ്റും റിമാന്‍ഡും നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ ജാമ്യം നല്‍കുന്നത് ഹൈക്കോടതിയെ അപമാനിക്കുന്ന നടപടിയാണെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ മറുവാദം. എന്നാല്‍ സിബിഐ അങ്ങനെ പറയരുതെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.
ഇഡി ഫയല്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ജൂണ്‍ 26നാണ് കേജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കേസില്‍ ജൂലൈ 12ന് അദ്ദേഹത്തിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.