കമല ഹാരിസുമായി ഇനിയൊരു ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ട്രംപ്
Friday, September 13, 2024 7:30 AM IST
വാഷിംഗ്ടൺ ഡിസി: നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കമലാ ഹാരിസിനെതിരായ മറ്റൊരു പ്രസിഡൻഷ്യൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപ്.
കഴിഞ്ഞ ദിവസം നടന്ന പ്രസിഡൻഷ്യൽ ചർച്ചയിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസൺ മികച്ച പ്രകടനം കാഴ്വച്ചു. ഇതിനു പിന്നാലെയാണ് ട്രംപ് ഇനിയൊരു ചർച്ചയിൽ പങ്കെടുക്കില്ലെന്ന് പ്രതികരിച്ചത്.
കെണിയില്‍ വീഴാതെയും ട്രംപിനെ കെണിയില്‍ വീഴ്ത്തിയുമാണ് കമല മികച്ച പ്രകടനം പുറത്തെടുത്തത്. എബിസി ചാനലിന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ നടന്ന ഒന്നര മണിക്കൂര്‍ സംവാദം ദശലക്ഷക്കണക്കിനുപേർ വീക്ഷിച്ചിരുന്നു.
കമല 60 ശതമാനം മുന്നിട്ടുനിന്നെന്ന് സിഎന്‍എന്‍ ചാനല്‍ വിലയിരുത്തി. ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ദ ഗാര്ഡിയന് ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളും കമലയുടെ പ്രകടനത്തെ പ്രശംസിച്ചു.
സംവാദത്തിനായി എത്തിയ ഉടനെ കമല ഹാരിസ് ട്രംപിനെ അങ്ങോട്ടുപോയി അഭിവാദ്യം ചെയ്തു. ഒരു വിഷയത്തില്‍ രണ്ടു മിനിറ്റ് വീതമാണ് ഇരുവർക്കും അനുവദിച്ചത്. സംസാരിക്കാന്‍ അനുവാദം ഇല്ലാതിരുന്നപ്പോള്‍ കമല തലയാട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചു. പതിവിനു വിരുദ്ധമായി മോഡറേറ്റര്‍മാര്‍ സംവാദത്തില്‍ ഇടപെട്ടു.
സാമ്പത്തിക കാര്യങ്ങള്‍, കുടിയേറ്റം എന്നിവയില്‍ കമല ഹാരിസിനെ ട്രംപ് പ്രതിരോധത്തിലാക്കി. പ്രസിഡന്റ് ബൈഡന്റെ വീഴ്ചകള്‍ക്ക് കമല ഹാരിസിനു മറുപടി പറയേണ്ടി വന്നു. സാമ്പത്തികമേഖലയില്‍ പല കാര്യങ്ങളും ചെയ്യാനുണ്ടെന്ന് കമല പറഞ്ഞപ്പോള്‍ എന്തുകൊണ്ട് അവ ഇതുവരെ ചെയ്തില്ലെന്ന ചോദ്യത്തിന് കമലയ്ക്ക് മറുപടി ഇല്ലായിരുന്നു.
കുടിയേറ്റത്തിനെതിരേയുള്ള ജനരോഷം തിരിച്ചറിഞ്ഞ് ട്രംപ് അതിന് ഊന്നല്‍ നല്കി. കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കാനുള്ള ബില്ലിനെതിരേ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരോട് വോട്ട് ചെയ്യാന്‍ ട്രംപ് പറഞ്ഞ കാര്യം കമല അനുസ്മരിച്ചു.
ജൂണില്‍ നടന്ന ആദ്യ സംവാദത്തില്‍ ജോ ബൈഡന് ദയനീയമായി പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കമല ഹാരിസ് ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയായത്.