യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ
Friday, September 13, 2024 5:09 AM IST
പാലക്കാട്: ലൈംഗികാതിക്രമം തടഞ്ഞതിനു യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊട്ടിൽപാറ സ്വദേശിയായ സൈമണെയാണു നാട്ടുകാരും കസബ പോലീസും ചേർന്ന് പിടികൂടിയത്.
വിഷംകഴിച്ചനിലയിൽ വീട്ടിൽനിന്നാണു പ്രതിയെ കണ്ടെത്തിയത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് കഞ്ചിക്കോട് കൊട്ടിൽപ്പാറ സ്വദേശിനിക്കു വെട്ടേറ്റത്. സംഭവത്തിനു ശേഷം പ്രതി ഒളിവിൽ പോയിരുന്നു. ബുധനാഴ്ച രാവിലെ പതിനൊന്നോടെ യുവതി അമ്മയ്ക്കൊപ്പം തോട്ടത്തിൽ പുല്ലരിയാൻ പോയപ്പോഴായിരുന്നു സംഭവം.
അമ്മ ചായയെടുക്കാനായി വീട്ടിലേക്കു പോയ സമയത്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന സൈമണ്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.