ഡോക്ടർമാർ പ്രതിഷേധം തുടരുന്നു; രാജി സന്നദ്ധത അറിയിച്ച് മമത
Thursday, September 12, 2024 8:20 PM IST
കോൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ രാജിസന്നദ്ധത അറിയിച്ചു മുഖ്യമന്ത്രി മമതാ ബാനർജി. സമരം ഒത്തുതീർപ്പാക്കാനായി ഡോക്ടർമാരെ നിരന്തരം ചർച്ചയ്ക്ക് വിളിച്ചിട്ടും അവർ ചർച്ചക്ക് എത്താത്തതിനെ തുടർന്നാണ് മമത രാജി സന്നദ്ധത അറിയിച്ചത്.
മുഖ്യമന്ത്രിയുമായുള്ള ചർച്ച തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നായിരുന്നു ഡോക്ടർമാരുടെ ആവശ്യം. എന്നാൽ സർക്കാർ ഈ ആവശ്യം നിരാകരിച്ചു. ഇതോടെയാണ് ചർച്ച വഴിമുട്ടിയത്. ജൂണിയർ ഡോക്ടർമാരുമായുള്ള ചർച്ച വീഡിയോയില്‍ ചിത്രീകരിക്കാമെന്നും സുപ്രീംകോടതിയുടെ നിർദേശത്തോടെ കൈമാറാമെന്നുമാണു സർക്കാർ നിലപാട്.
വ്യാഴാഴ്ച ഉച്ചക്ക് ഡോക്ടർമാരെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചിരുന്നു. രണ്ട് മണിക്കൂറിലേറെ മുഖ്യമന്ത്രി കാത്തിരിന്നിട്ടും ഡോക്ടർമാർ ചർച്ചക്ക് എത്തിയില്ല. പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മമത രാജി സന്നദ്ധത അറിയിച്ചത്.
കാര്യങ്ങള്‍ ഡോക്ടർമാരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പ്രക്ഷോഭങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നും മമത പറഞ്ഞു. ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് രാജിക്ക് തയാറാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ ഇതെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.