കോൺഗ്രസുമായി യെച്ചൂരി ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചിരുന്നു: വി.ഡി.സതീശൻ
Thursday, September 12, 2024 7:03 PM IST
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു.
സൈദ്ധാന്തിക കടുംപിടുത്തങ്ങൾക്ക് അപ്പുറം രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകിയ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് വി.ഡി.സതീശൻ അനുസ്മരിച്ചു.
കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഊഷ്മള ബന്ധം കാത്ത് സൂക്ഷിച്ച നേതാവാണ് യെച്ചൂരി. ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിലും യെച്ചൂരിയുടെ കൈയൊപ്പുണ്ട്. അദേഹത്തിന്റെ നിര്യാണത്തിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.
ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടാതെയും ഇന്ത്യ എന്ന ആശയത്തെ നിലനിർത്തിയും മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാനാകൂവെന്ന് യെച്ചൂരി അടിയുറച്ച് വിശ്വസിച്ചു.
അതിൽ കോൺഗ്രസിന്റെ നേതൃപരമായ പങ്കിനെ കുറിച്ച് അദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നുവെന്നും വി.ഡി.സതീശന്റെ അനുസ്മരണ സന്ദേശത്തിൽ പറയുന്നു.