സീതാറാം യെച്ചൂരി അന്തരിച്ചു
Thursday, September 12, 2024 3:57 PM IST
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.
കഴിഞ്ഞ മാസം 19നാണ് ശ്വാസതടസത്തെ തുടർന്ന് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില അതീവഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറാം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായാണ് ജനനം.
ഡൽഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം ജെഎന്‍യുവില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റിലായിട്ടുണ്ട്.
1978-ല്‍ എസ്എഫ്ഐയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986-ല്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്റായി. 1984-ല്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായി.1988-ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി.
1992-ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി. പിന്നീട് 2015-ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തു.
പ്രമുഖ മാധ്യമപ്രവർത്തക സീമാ ചിസ്തിയാണ് ഭാര്യ. അന്തരിച്ച മാധ്യമപ്രവര്ത്തകന് ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവര്‍ മക്കളാണ്.