തീവ്രന്യൂനമർദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് ഏഴുദിവസം മഴ, ഒരു ജില്ലകളിലും മുന്നറിയിപ്പില്ല
Thursday, September 12, 2024 3:46 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേസമയം, അഞ്ചുദിവസം ഒരു ജില്ലകളിലും പ്രത്യേക മഴമുന്നറിയിപ്പില്ല.
തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിന് മുകളിൽ തീവ്രന്യുനമർദം സ്ഥിതി ചെയ്യുന്നു. വടക്ക്- വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യുനമർദം വെള്ളിയാഴ്ചയോടെ ശക്തി കുറയാനാണ് സാധ്യത.
അതേസമയം, കർണാടക മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യുനമർദപാത്തി ചുരുങ്ങി. മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു.അടുത്ത 24 മണിക്കൂറിനുള്ളിൽ തീരദേശ ബംഗ്ലാദേശിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്ന് തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യുന മർദ്ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത.
അതേസമയം, കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.