ഡോറുകളിലിരുന്ന് യാത്ര, നിരത്തിൽ അതിരുവിട്ട ഓണാഘോഷം; വിദ്യാർഥികൾക്കെതിരേ കേസ്
Thursday, September 12, 2024 1:11 PM IST
കോഴിക്കോട്: ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളില്‍ യാത്ര ചെയ്ത കോഴിക്കോട് ഫറൂഖ് കോളജിലെ വിദ്യാർഥികൾക്കെതിരേ കേസടുത്ത് പോലീസും മോട്ടോർ വാഹന വകുപ്പും. കോളജ് കാമ്പസിന് പുറത്ത് പൊതുനിരത്തിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ മുകളിൽ ഇരുന്നും ഡോറിൽ ഇരുന്നുമായിരുന്നു ആഘോഷ പ്രകടനം.
ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നിരവധി ആഡംബര കാറുകളിലും എസ്യുവികളിലുമായാണ് വിദ്യാര്‍ഥിനികളടക്കമുള്ളവർ നിരത്തുകളില്‍ ഇറങ്ങിയത്. പിന്നാലെ റോഡിൽ വലിയ രീതിയിൽ ഗതാഗത തടസവുമുണ്ടായി.
മറ്റ് വാഹനങ്ങളും കാല്‍നട യാത്രക്കാരും കടന്നുപോകുന്ന വഴിയിലൂടെ നടന്ന ആഘോഷയാത്രയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് എംവിഡി കേസെടുത്തിരിക്കുന്നത്.
അപകടകരമാം വിധം വാഹനമോടിച്ചതിനടക്കം വകുപ്പ് ചേർത്താണ് കേസ് എടുത്തത്. വാഹനങ്ങൾ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.
വാഹനമോടിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നോയെന്ന് പരിശോധിക്കും. ഇതിനുപുറമെ, അഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്ന കാര്യവും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിഗണനയിലുണ്ട്.