തിരുവമ്പാടിയിൽ സ്കൂൾ ബസ് മതിലിലിടിച്ച് അപകടം; 18 കുട്ടികൾക്ക് പരിക്ക്
Thursday, September 12, 2024 11:11 AM IST
കോഴിക്കോട്: തിരുവമ്പാടിയിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ 18 കുട്ടികൾക്ക് പരിക്കേറ്റു. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്.
തിരുവമ്പാടി ഓമശേരി റോഡിൽ ഭാരത് പെട്രോൾ പമ്പിനു സമീപമാണ് സംഭവം. അമ്പലപ്പാറ റോഡിൽനിന്ന് ഇറക്കം ഇറങ്ങിവരികയായിരുന്ന സ്കൂൾബസ് നിയന്ത്രണംവിട്ട് മുൻവശത്തെ മതിലിൽ ഇടിക്കുകയായിരുന്നു.
അപകടം നടന്നയുടൻ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.