വിഷയം ഉന്നയിക്കാതെ ഘടകകക്ഷി മന്ത്രിമാരും; എഡിജിപി വിഷയം ചർച്ച ചെയ്യാതെ മന്ത്രിസഭാ യോഗം
Wednesday, September 11, 2024 1:57 PM IST
തിരുവനന്തപുരം: എഡിജിപി എം.ആര്. അജിത്കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ല. വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
അതേസമയം, സിപിഐ അടക്കമുള്ള ഘടകകക്ഷി മന്ത്രിമാരും കാബിനറ്റ് യോഗത്തില്‍ വിഷയം ഉന്നയിച്ചില്ല. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചത് മാത്രമാണ് അജൻഡയ്ക്ക് പുറത്തുനിന്ന് ആകെ ഉന്നയിക്കപ്പെട്ടത്.
വൈകുന്നേരം മൂന്നിന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജൻ മാറിയ ശേഷമുള്ള ആദ്യ ഇടതുന്നണിയോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേരുന്നത്. എഡിജിപിയെ മാറ്റാന്‍ ഘടകകക്ഷികള്‍ മുന്നണിയോഗത്തില്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
എഡിജിപിയെ ചുമതലയിൽനിന്ന് മാറ്റിനിർത്തി അന്വേഷിക്കണമെന്ന നിലപാട് പ്രധാന ഘടകകക്ഷിയായ സിപിഐ നേരത്തെ എടുത്തിരുന്നു. എഡിജിപിയെ സംരക്ഷിക്കുന്ന നിലപാട് തുടരുന്നത് മുന്നണിക്കുതന്നെ ദോഷമുണ്ടാക്കുമെന്ന നിലപാടിലാണ് ഘടക കക്ഷികൾ. പി. ശശിക്കെതിരെയും നടപടി വേണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നേക്കും. സിപിഐക്ക് പുറമേ ആർജെഡി അടക്കമുള്ളവരും ഇതേ നിലപാട് ഉയർത്തിയേക്കും.
ഇന്നത്തെ മുന്നണി യോഗത്തിൽ മുഖ്യമന്ത്രി നിലപാട് വിശദീകരിക്കുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. സർക്കാരിന്റെ പുതിയ മദ്യനയവും യോഗം ചർച്ച ചെയ്തേക്കും.