യാഗിയില്‍ ഉലഞ്ഞു വിയറ്റ്നാം; മരണം 143 ആയി
Wednesday, September 11, 2024 10:28 AM IST
ഹാനോയ്: വിയറ്റ്നാമില്‍ വീശിയടിച്ച യാഗി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 143 ആയി. 59 പേരെ കാണാതായി. ഏകദേശം 210,000 ഹെക്ടര്‍ കൃഷി നശിച്ചതായാണ് കണക്കുകള്‍.
ഈ വര്‍ഷം ഏഷ്യയില്‍ വീശുന്ന ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗി കഴിഞ്ഞദിവസമാണ് വിയറ്റ്നാമില്‍ തീരംതൊട്ടത്. തുടര്‍ന്നുണ്ടായ കനത്ത മഴ വടക്കന്‍ വിയറ്റ്നാമിലുടനീളം മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി. ഹനോയിയിലെ റെഡ് നദിയുടെ ജലനിരപ്പ് ഓരോ മണിക്കൂറിലും 10 സെന്റീമീറ്റര്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച തെക്കന്‍ ചൈനയിലെ ഹൈനാന്‍ ദ്വീപിലൂടെ കടന്നുപോയ ചുഴലിക്കാറ്റ് എട്ടു ലക്ഷത്തോളം പാര്‍പ്പിടങ്ങളുടെ നാശത്തിന് കാരണമായെന്നാണു റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ആദ്യം തീരംതൊട്ട ഫിലിപ്പീന്‍സില്‍16 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു.