ശുദ്ധ അസംബന്ധം, എഡിജിപിക്കൊപ്പം റാം മാധവിനെ കണ്ടിട്ടില്ല: മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷ് നാരായണൻ
Wednesday, September 11, 2024 8:05 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്കുമാറിനൊപ്പം ആർഎസ്എസ് നേതാവ് റാം മാധവിനെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷ് നാരായണൻ. ആർഎസ്എസ് നേതാവിനെ കാണേണ്ട ആവശ്യമില്ലെന്നും പ്രചരിക്കുന്ന വാർത്ത ശുദ്ധ അസംബന്ധമാണെന്നും ജിഗീഷ് പറഞ്ഞു.
അപകടത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണെന്നും ജിഗീഷ് പറഞ്ഞു. റാം മാധവിനെ അജിത്കുമാർ കോവളത്തുവച്ച് കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്നുവെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്ത മൂന്ന് പേരിൽ ഒരാൾ ജീഗിഷ് ആയിരുന്നുവെന്നാണ് വാർത്തകൾ പ്രചരിച്ചത്.
ജോലിയുടെ ഭാഗമായി പലരെയും കാണാറുണ്ടെങ്കിലും ആർഎസ്എസ് നേതാക്കൾ ആ പട്ടികയിലില്ലെന്നും ജിഗീഷ് പ്രതികരിച്ചു. ‘പ്രേംകുമാറിനെ അങ്ങനെ നേരത്തേ കണ്ടിട്ടുണ്ട്. റാം മാധവിനെ കണ്ടിട്ടില്ലെന്നു മാത്രമല്ല, അറിയുക പോലുമില്ല. കുളിമുറിയിൽ തെന്നിവീണ് ഏഴ് മാസത്തിലേറെയായി ചികിത്സയിലുള്ള എന്നെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. കണ്ടിട്ടുണ്ടെങ്കിൽ പോലീസിന് തെളിയിക്കാമല്ലോ’’– ജിഗീഷ് പറഞ്ഞു.