തൊണ്ടിമുതൽ കേസ്; വാദം കേൾക്കൽ പൂർത്തിയായി
Tuesday, September 10, 2024 5:37 PM IST
ന്യൂഡൽഹി: തൊണ്ടിമുതല്‍ കേസിലെ പുനരന്വേഷണത്തിനെതിരെ മുൻ മന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കൽ പൂർത്തിയായി. കേസിൽ ഹർജികൾ വിധി പറയാനായി മാറ്റി.
ഓസ്ട്രേലിയൻ പൗരൻ പ്രതിയായ ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അഭിഭാഷകനായ ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു.
അടിവസ്ത്രത്തിൽ ഹാഷിഷുമായി എത്തിയ ഓസ്ട്രേലിയൻ പൗരൻ സാൽവാദോർ സാർലി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. ഈ വിദേശിയെ കേസിൽ നിന്നും രക്ഷിക്കാൻ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നാണ് കേസ്.
ആന്റണി രാജുവിന്റെ സീനിയർ അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് ഓസ്ട്രേലിയൻ പൗരനുവേണ്ടി കോടതിയിൽ ഹാജരായത്. മയക്കുമരുന്ന് കേസിൽ ഇയാൾക്ക് തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷം തടവ് വിധിച്ചിരുന്നു.
പിന്നീട് ഇയാളെ ഹൈക്കോടതി വെറുതെവിടുകയായിരുന്നു. പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് പ്രതിയെ വെറുതെവിട്ടത്.
തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നും കേസ് ഗുരുതരം ആണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാംഗ്മൂലത്തിൽ പറയുന്നു.