ചേർത്തലയിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസ്; കുഞ്ഞിന്റെ പിതൃത്വത്തിൽ ആശയക്കുഴപ്പം
Tuesday, September 10, 2024 11:49 AM IST
ആലപ്പുഴ: ചേർത്തലയിൽ നവജാതശിശുവിനെ അമ്മയുടെ ആൺസുഹൃത്ത് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ പിതൃത്വത്തിൽ ആശയക്കുഴപ്പം. പള്ളിപ്പുറം സ്വദേശിയായ ആശയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്.
ഈ കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ട് ഇവരുടെ മറ്റൊരു ആൺസുഹൃത്ത് പോലീസിന് മൊഴി നൽകി. ഇതോടെ മരിച്ച കുട്ടിയുടെ ഡിഎൻഎ പരിശോധന ഫലം കേസിൽ നിർണായകമാകും.
ആശയുടെ ഫോൺകോൾ വിവരങ്ങളിൽ നിന്നാണ് രണ്ടാമത്തെ ആൺസുഹൃത്തിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഇതോടെ ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു.
ആശയെയും ഭർത്താവിനെയും കേസിലെ രണ്ടാം പ്രതിയായ രതീഷിനെയും പോലിസ് കണ്ടെത്തിയ ആൺ സുഹൃത്തിനെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. ഇതോടെയാണ് കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായത്.
പ്രസവ സമയത്ത് രതീഷ് അറിയാതെ രണ്ടാമത്തെ ആൺസുഹൃത്തും ആശുപത്രിയിൽ എത്തി ആശയെ കണ്ടിരുന്നു. ആശുപത്രി വിട്ട ശേഷം ആശ ഇയാൾക്കൊപ്പം അന്ധകാരനഴി കടപ്പുറത്ത് പോയിരുന്നു.
ഇതിനു ശേഷമാണ് രണ്ടാം പ്രതി രതീഷിനെ വിളിച്ചു വരുത്തി ബിഗ് ഷോപ്പറിൽ കുഞ്ഞിനെ കൈമാറിയതെന്നും പോലീസിന് വ്യക്തമായി. കേസിൽ ചേർത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.