പി.കെ.ശശിക്കെതിരേ നടപടിയെടുത്തത് നീചമായ പ്രവൃത്തിക്ക്; വിമർശനവുമായി എം.വി.ഗോവിന്ദന്
Tuesday, September 10, 2024 9:07 AM IST
പാലക്കാട്: പാർട്ടി അച്ചടക്ക നടപടി നേരിട്ട പി.കെ.ശശിക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ശശിക്കെതിരേ നടപടിയെടുത്തത് നീചമായ പ്രവൃത്തിക്കെന്ന് ഗോവിന്ദന് പറഞ്ഞു.
സിപിഎമ്മിന്റെ പാലക്കാട് മേഖലാതല റിപ്പോർട്ടിംഗിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശി നടത്തിയത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ സുരേഷ് ബാബുവിനെ സ്പിരിറ്റ് കേസിലും സ്ത്രീപീഡനക്കേസിലും ശശി പ്രതിയാക്കാന്‍ ശ്രമിച്ചു.
ഇതിനായി ഒരു മാധ്യമപ്രവര്‍ത്തകനുമായി ഗൂഢാലോചന നടത്തി. പിന്നീട് വസ്തുത മനസിലായ മാധ്യമപ്രവര്ത്തകന് തന്നെ ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചു. ഇതിനെല്ലാം തെളിവ് ലഭിച്ചെന്നും ഗോവിന്ദന് പറഞ്ഞു.
വ്യക്തിയുടെ പിന്നിലല്ല, പാർട്ടിയുടെ പിന്നിലാണ് അണിനിരക്കേണ്ടത്. ചില നേതാക്കളുടെ കോക്കസായി നിൽക്കാമെന്ന് ആരും കരുതേണ്ട. വ്യക്തിക്ക് നേതാവ് എന്ന പദവി ലഭിക്കുന്നതു പാർട്ടിയിൽ നിന്നാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.